Tuesday, August 31, 2010

ആദ്യ പ്രണയത്തിന്‍റെ ഓര്‍മ......

അന്ന് പ്രായം പതിനഞ്ചു.......
പ്രണയം വലിയ എന്തോ ഒന്നാണ് എന്നും ഞാന്‍ വെറും കൊച്ചു കുട്ടിയാണ് എന്നും ചിന്തിച്ചിരുന്ന സമയം......
അവധിക്കാലത്തെ ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയി.... പൊതുവേ ശന്തനാണ് ഞാന്‍. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം..... അകലെ നിന്ന് തന്നെ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു. ഒരു വെളുത്ത സുന്ദരിയായ പെണ്‍കുട്ടി.  ഞാന്‍ അവളുമായി അധികം സംസാരിച്ചിരുന്നില്ല. എങ്കിലും അവള്‍ എന്നെ (എന്‍റെ മനസ്സിനെ) വല്ലാതെ ശല്യപ്പെടുത്തിയിരുന്നു..... അകലെ നിന്ന് അവളെ ഞാന്‍ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ട്..... പക്ഷെ അടുത്തെത്തുമ്പോള്‍ അപരിചിതത്വം കാട്ടാന്‍ ഞാന്‍ മറന്നില്ല..... നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന ആ ക്യാമ്പിനു അവസാനം എല്ലാരും വലിയ സുഹൃത്തുക്കളായി. ഒപ്പം ഞങ്ങളും..... എനിക്ക് നഷ്ടപെട്ടത് ദിവസങ്ങളായിരുന്നില്ല  എന്ന് എനിക്ക് പെട്ടെന്ന് മനസിലായി... അവള്‍ വാ തോരാതെ എന്നോട് വളരെ അധികം സംസാരിച്ചു...
ഞാനും..... അവസാനം വൈകുന്നേരം എല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞു. പലരുടെയും കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ അവളെ നോക്കി.... ആ വലിയ മാവിന്‍റെ തറയില്‍ അവള്‍ ഒറ്റക്കിരിക്കുന്നത് ഞാന്‍ കണ്ടു . ആണ്‍കുട്ടികളില്‍ പലരോടും വികാരനിര്‍ഭരമായ യാത്ര പറഞ്ഞു ഞാന്‍ അവിടെ ചെന്നിരുന്നു. അവള്‍ അപ്പോഴേക്കും പോയിരുന്നു. ഞാന്‍ വെറുതെ കുറച്ചു നേരം കൂടി അവിടെ അങ്ങനെ തനിച്ചിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. അവള്‍ എന്റെ അടുത്തിരിപ്പുണ്ട്... ഞാന്‍ ചോദിച്ചു....   "പോയില്ലേ.....?"
അവള്‍ പറഞ്ഞു "ഇല്ല അമ്മ വരും". ഞാനും അവളും പരസ്പരം മിണ്ടാതെ എത്ര നേരം ഇരുന്നു എന്ന് എനിക്കറിയില്ല. ഒടുവില്‍ അവളുടെ അമ്മ വന്നു . അമ്മ ആരോടോ സംസാരിച്ചു നില്‍ക്കുന്നത് കണ്ടിട്ട് അവള്‍ എന്നോട് പറഞ്ഞു "ഞാനും പോകുവാ.... " എന്‍റെ സങ്കടം എനിക്ക് മാത്രം അറിയാം അതിനാല്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയില്ല.... എനിക്ക് തോന്നുന്നു അവളും എന്‍റെ മുഖത്ത് നോക്കിയല്ല പറഞ്ഞത്. ഞാന്‍ മെല്ലെ മൂളി..... അവള്‍ പതിയെ എന്റെ കയ്യില്‍ തൊട്ടു . ഞാന്‍ പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി... അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..... എന്‍റെ ശരീരം ആകെ തളര്‍ന്നത് പോലെ ഞാന്‍ നിന്നൂ . എനിക്ക് ഒന്നും മിണ്ടാനായില്ല..... എന്‍റെ നാവു അനങ്ങിയില്ല എന്നതാണ് വാസ്തവം.... കണ്ണുകള്‍ തുടച്ചിട്ടു അവള്‍ എന്നോട് ചോദിച്ചു "നമ്മള്‍ ഇനി തമ്മില്‍ കാണുമോ?...."  
 "എനിക്കറിയില്ല കുട്ടീ!!!" എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ മെല്ലെ പുഞ്ചിരിച്ചു... അവള്‍ അമ്മയോടൊപ്പം നടന്നകന്നു......

ഒരു പക്ഷെ അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്നും തമ്മില്‍ അറിയുമായിരുന്നു......
ഇന്ന് അവള്‍ ഒരു ഭാര്യയാണ്..... അമ്മയാണ്..... ഒരു കുടുംബിനി ആണ്..... അവള്‍ സുഖമായി ജീവിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം......